ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു

രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല

Update: 2021-10-11 15:39 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനം.

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലാണ് മുന്‍കരുതല്‍ നടപടി.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.തിരുവനന്തപുരത്ത് ശക്തമായ മഴയാണ് മലയോര മേഖലകളില്‍. പാലോട്,വിതുര ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെളളം കയറി.പാലക്കാട് സൈലന്റ് വാലിയില്‍ കനത്ത മഴയാണ്.അട്ടപ്പാടിയിലെ പുഴകളില്‍ മലവെള്ളപാച്ചിലുണ്ടായി.കാഞ്ഞീരപ്പുഴ പൂഞ്ചോലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.അട്ടപ്പാടി ചുരത്തിലൂടെ വന്‍ തോതില്‍ വെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസപെട്ടു.സൈലന്റ് വാലി വനത്തില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയം.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. Read

ഇന്ന് തൃശൂര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കല്ലാര്‍ കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് 4 മണിമുതല്‍ 500 ക്യൂമെക്സ് വെള്ളം ഒഴുക്കി വിടും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News