മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു?; സംസ്ഥാനത്തെ പരിശോധനയിൽ പോസിറ്റീവ്
അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം
മലപ്പുറം: മലപ്പുറത്ത് ചികിത്സയിലുള്ള രോഗിക്ക് കേരളത്തിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷമായിരിക്കും.
മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്ജീകരിച്ചു. മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പക്കുള്ള എല്ലാ പ്രേട്ടോക്കോളും ചെയ്തതായി മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചയോടെയാണ് പാണ്ടിക്കാട് ഉള്ള കുട്ടിക്ക് നിപ സംശയിക്കുന്നതായി അറിഞ്ഞത്. ചികിത്സയിലുള്ള 15 വയസുകാരൻ ഗുരുതരാവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സമ്പർക്കപട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.
15കാരനു നേരത്തെ ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിരീക്ഷണത്തിലാണു. സ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.
മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂറും കൺട്രോൾ സെൽ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ: 0483 2732010