നിപ പരിശോധനാഫലം ഇന്ന് ലഭിക്കും; കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിർദേശം
മൂന്നു പേർ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. നിപ വൈറസ് പരിശോധന ഫലം ഇന്ന് ലഭിക്കും.മൂന്നു പേർ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ മന്ത്രി ഇന്ന് കോഴിക്കോട്ടെത്തിയേക്കും.
മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. ആഗസ്ത് 30ന് പനിയെ തുടർന്ന് മരുതോങ്കര സ്വദേശി മരിച്ചു. 10 ദിവസത്തിന് ശേഷം ബന്ധുക്കളായ 3 പേർക്ക് രോഗലക്ഷണമുണ്ടായി. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. പനിയെ തുടർന്ന് ഇന്നലെ മരിച്ചത് ആയഞ്ചേരി മംഗലാട് സ്വദേശിയാണ്. ഇയാൾക്ക് മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടന്ന് കണ്ടെത്തി ഇയാളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.