മലപ്പുറം നടുവത്തെ നിപ സംശയം: സമ്പർക്കപ്പട്ടിക വിപുലീകരിച്ചു; തിരുവാലി പഞ്ചായത്തിൽ മാസ്‌ക് നിർബന്ധം
സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയക്കും
മലപ്പുറം: നടുവത്തെ നിപ സംശയത്തിൽ സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. ഇതിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയക്കും. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി.
ബെംഗളൂരുവിൽ പഠിക്കുന്ന 23 കാരനായ വിദ്യാർഥി പനിയെ തുടർന്ന് ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പ് സാമ്പിൾ അയച്ചത്. ഇതിലാണ് പ്രാഥമിക പരിശോധന ഫലം പോസിറ്റീവ് ആയത്.
പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കൂ. പരിശോധനാ ഫലം ഇന്ന് പുറത്തു വരും. അതേസമയം നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ ജില്ലാ ഭരണകൂടം തുടർനടപടികൾ സ്വീകരിക്കും.