തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ പരിശോധനാഫലം നെഗറ്റീവ്
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർഥിയെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
അതേസമയം കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം മൂന്നായി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കൂടി നിപ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 11 പേരുടെ ഫലം ഇന്ന് ലഭിക്കും. നിപ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യപിച്ചു. പൊതുപാടികളടക്കം ജനങ്ങള്‍ കൂടുന്ന പരിപാടികള്‍ നിരോധിച്ചു. ഉത്സവം, വിവാഹം എന്നിവയിലെ പങ്കാളിത്തത്തിനും നിയന്ത്രണം ഏർപ്പെടുത്തി.നിപ ബാധിച്ചവരുടെ സമ്പർക്കത്തിലുള്ള 789 പേരെ നിരീക്ഷിച്ചുവരികയാണ്.