മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് എന്‍.കെ പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും അനുമതി നിഷേധിച്ചു
അനുമതി തേടി ഇരുവരും ചീഫ് സെക്രട്ടറിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് അനുമതി നിഷേധിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു.
മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എംപിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു. അനുമതി തേടി ഇരുവരും ചീഫ് സെക്രട്ടറിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് അനുമതി നിഷേധിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു.
നിരവധി തവണ അനുമതിക്കായി ജില്ലാ കളക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാന്‍ ചീഫ് സെക്രട്ടറിക്കായില്ല. കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു.
അതേസമയം മുല്ലപ്പെരിയാർ കേസിൽ അന്തിമ തീർപ്പ് വേഗത്തിലുണ്ടാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ചു പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ കേസിൽ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം, തമിഴ്നാടിന്റെ നിർദേശപ്രകാരമുള്ള റൂൾ കർവിന്റെ കാര്യത്തിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. റൂൾ കർവിൽ അന്തിമ തീർപ്പാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.