നവകേരള സദസിൽ പങ്കെടുത്തില്ല; കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി

സി.പി.എം ഭരിക്കുന്ന പടിയൂർ പഞ്ചായത്തിലാണു സംഭവം

Update: 2023-11-25 04:04 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: നവകേരള സദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി. പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം. നവകേരള സദസിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് പടിയൂർ.

14 സ്ത്രീകൾക്കെതിരെയാണ് പഞ്ചായത്തിന്റെ നടപടിയെന്നാണു വിവരം. നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19നു വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്നു കാണിച്ചാണു നടപടി. ഇതേ യോഗത്തിൽ തന്നെ അടുത്ത തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പ്രോജക്ട് യോഗവും നടത്തി. നവകേരള യോഗമാണെന്നു കരുതി തൊഴിലാളികൾ പങ്കെടുത്തില്ല.

സാധാരണ തൊഴിലുറപ്പ് പ്രോജക്ട് യോഗത്തിൽ അധ്യക്ഷനാകേണ്ടത് വാർഡ് അംഗമാണ്. കോൺഗ്രസ് നേതാവ് കൂടിയായ വാർഡ് അംഗത്തെ യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്നും പരാതിയുണ്ട്. ഇതിനുശേഷം 22ന് മട്ടന്നൂരിൽ നടന്ന നവകേരള സദസിലും തൊഴിലാളികൾ പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ പണിക്കെത്തിയപ്പോഴാണു മസ്റ്റര്‍ റോളില്‍ പേരില്ലെന്നും ഇതിനാല്‍ പണിയില്ലെന്നും പറഞ്ഞു തിരിച്ചയച്ചതെന്നാണു വിവരം.

Full View

ഇതേതുടർന്നു വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പഞ്ചായത്ത് അംഗം ഉൾപ്പെടെ സ്ഥലത്തെത്തുകയും പണി നിർത്തിവയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്നു യോഗം വിളിച്ചുചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Summary: NREGA workers were denied jobs because they did not participate in the CM's NavaKerala Sadass in Kannur: Report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News