ഹമാസ് ഭീകരസംഘടനയല്ല, പ്രതിരോധവും ആക്രമണവും രണ്ടാണ്: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്
ഹമാസിനെ നിരായുധീകരിക്കണമെന്ന് പറഞ്ഞവർ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണം എന്ന് പറഞ്ഞില്ല
കോഴിക്കോട്. പതിറ്റാണ്ടുകളായി അവസാനിക്കാത്ത ദുരിതവും പേറിയാണ് ഫലസ്തീൻ ജനത ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും ഹമാസ് ഭീകരസംഘടനയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂര്‍.ഇപ്പോൾ നടക്കുന്നത് ഫലസ്തീന്റെ സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നുസൂറിന്‍റെ കുറിപ്പ്
ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഫലസ്തീനിലേയ്ക്കാണ്. പതിറ്റാണ്ടുകളായി അവസാനിക്കാത്ത ദുരിതവും പേറിയാണ് ഫലസ്തീൻ ജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. മഴത്തുള്ളികൾ വീഴുന്നത് പോലെ ബോംബ് വർഷം നടക്കുമ്പോൾ സ്വന്തം പിഞ്ചോമനകളുടെ ചിന്നിശ്ചിതറിയ ശരീരങ്ങളിലെ അവയവങ്ങൾ തിരയുകയാണ് അവിടുത്തെ രക്ഷകർത്താക്കൾ. ഈ യുദ്ധത്തിന്റെ അവസാനം നേട്ടം ആർക്കാണ്?. അധിനിവേശശക്തികളെ പ്രതിരോധിക്കുന്നത് തെറ്റാണോ?. പ്രതിരോധവും ആക്രമണവും രണ്ടാണ് എന്ന് മനസിലാക്കാനെങ്കിലും അനുകൂലിക്കാനും പ്രതികൂലിക്കാനും സമയം കാണുന്നവർ തയ്യാറാകണം. ഈ കാലഘട്ടത്തിൽ ഫലസ്തീനെ അനുകൂലിച്ചാൽ അവർക്ക് തീവ്രവാദിപ്പട്ടം ലഭിക്കും എന്ന് മനസിലാക്കിക്കൊണ്ടാണ് പലരും അഭിപ്രായം പറയുന്നത്.
ചിലർ ആത്മാർത്ഥമായും മറ്റുചിലർ ലാഭകാംഷയാലും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഹമാസിനെ നിരായുധീകരിക്കണമെന്ന് പറഞ്ഞവർ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണം എന്ന് പറഞ്ഞില്ല. ഹമാസ് ഒരു പ്രതിരോധ സേനയായിട്ടല്ലേ പ്രവർത്തിക്കുന്നത്. പലസ്തീനെ സ്വാതന്ത്രമാക്കിയാൽ തീരുന്ന പ്രശ്നത്തിന് പകരം ഹമാസിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ പ്രശ്നങ്ങൾ അവസാനിക്കും എന്ന് ചിന്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നമ്മളും ഇടം പിടിക്കണമോ?.
ഫലസ്തീൻ വിമോചന പോരാളി യാസർ ആരാഫത്തിനെ അട്ടിമറിക്കാൻ സാമ്രാജ്യത്വ ശക്തികൾ പടച്ചുവിട്ട സേന പിൽക്കാലത്ത് രാജ്യഭരണവും ഏറ്റെടുത്ത് വിമോചന പോരാട്ടത്തിന്റെ നേതൃത്വവും ഏറ്റെടുത്തത് ചരിത്രം. ഹമാസ് ഏതെങ്കിലും അന്യരാജ്യത്ത് ആക്രമണം നടത്തിയിട്ടുണ്ടോ? അവരുടെ രാജ്യത്തിലേയ്ക്ക് കടന്നുകയറുന്നവരെ ബന്ധിയാക്കാനും ഉന്മൂലനം ചെയ്യാനും അവർ നടത്തുന്ന ശ്രമങ്ങൾ. പ്രതിരോധം തീർക്കുമ്പോൾ നഷ്ടം കൂടുതൽ അവർക്ക് തന്നെയാകും എന്നറിയാത്തവർ അല്ല അവർ.
പക്ഷെ അവരെ നയിക്കുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദാഹവും രക്തത്തിൽ പിടയുമ്പോഴും പിഞ്ചുകുഞ്ഞുങ്ങളുടെ ചുണ്ടുകൾ മന്ത്രിക്കുന്ന നാടിനുവേണ്ടിയുള്ള ശബ്ദവുമാണ്. ഇപ്പോൾ നടക്കുന്നത് ഫലസ്തീന്റെ സ്വാതന്ത്ര്യ സമര പോരാട്ടമാണ്. കോൺഗ്രസ് എല്ലാ കാലത്തും ഫലസ്തീന് ഒപ്പമാണ്. കാരണം സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരാൻ ഇത്രയേറെ കഷ്ടതകൾ സഹിച്ച മറ്റൊരു രാഷ്ട്രീയ പാർട്ടി ലോകത്തുണ്ടോ? ഒരു രാജ്യം അടിമത്വത്തിൽ അകപ്പെടുമ്പോഴുള്ള കഷ്ടനഷ്ടങ്ങൾ കോൺഗ്രസ് പ്രസ്ഥാനത്തിന് അറിയാം. അത് കൊണ്ട് വളരെ വ്യക്തതയോടെ പറയാൻ കഴിയും ഫലസ്തീന്റെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് തന്നെയാണ് നമ്മൾ പിന്തുണ നൽകേണ്ടത്. ഹമാസ് നടത്തുന്നത് പ്രതിരോധമാണ്.
അതിന് വംശീയഹത്യയാണ് മറുപടിയായി ഇസ്രായേൽ കാണുന്നതെങ്കിൽ സഹതപിക്കാനല്ലാതെ മറ്റെന്തിനു നമ്മുക്ക് കഴിയും.ഒരു കാര്യം മനസിലാക്കണം ഫലസ്തീൻ എന്നാൽ മുസ്ലീങ്ങൾ എന്നും ഇസ്രായേൽ എന്നാൽ ക്രിസ്ത്യാനികൾ (ഭൂരിഭാഗം ജൂത വംശം എന്നതുപോലും മറച്ചുവച്ചുകൊണ്ട് )എന്നും പഠിപ്പിച്ചു വിടുന്ന ഒരു സമൂഹം നമ്മുക്ക് ചുറ്റിലും രൂപപ്പെടുന്നുണ്ട്. അവരുടെ ലക്ഷ്യം ഫലസ്തീനും ഇസ്രായേലുമല്ല എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധമെങ്കിലും യുവാക്കൾക്ക് ഉണ്ടാകണം എന്ന് ഓർമ്മപ്പെടുത്തട്ടെ. "മുസ്ലീങ്ങളുടെ ശത്രുവാണ് ഹമാസ് എന്ന് പറയുന്ന സുരേഷ് ഗോപി പറയാൻ ബാക്കി വച്ചത് ഹിന്ദുക്കളുടെ ശത്രുവാണ് RSS എന്ന് തന്നെയാകും." ആ വികാരം ഇന്ത്യയിൽ ഉണ്ടെന്നുള്ളത് കുറച്ചു നാളുകൊണ്ടെങ്കിലും സുരേഷ് ഗോപിയ്ക്ക് മനസിലായിക്കാണും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.