രാജ്ഭവന് മുന്നിൽ ഒരുലക്ഷം പേരെ അണിനിരത്തും; ഗവർണർക്കെതിരെ പോരാട്ടം കടുപ്പിച്ച് എൽഡിഎഫ്
പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽനിന്ന് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. നവംബർ 15ന് നടക്കുന്ന രാജ്ഭവൻ ധർണയിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽനിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്കൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.