പുത്തുമല ദുരന്തത്തിന് രണ്ടു വയസ്
ദുരന്തത്തിൽ സർവതും നഷ്ടമായ കുടുംബങ്ങൾ ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല
പുത്തുമല ഗ്രാമത്തെ ഒന്നാകെ വിഴുങ്ങിയ മണ്ണിടിച്ചിലിന്‍റെ ഓർമകൾക്ക് ഇന്ന് രണ്ടു വയസ്. ദുരന്തത്തിൽ സർവതും നഷ്ടമായ കുടുംബങ്ങൾ ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. വാടക വീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്ന ദുരന്ത ബാധിതരുടെ പുനരധിവാസ പ്രക്രിയയും പാതിവഴിയിലാണ്.
2019 ആഗസ്ത് എട്ടിന് രാവിലെ പച്ചിലക്കാട്ടിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ ഒലിച്ചുപോയി. അന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ മഹാദുരന്തമുണ്ടായത്. നോക്കി നിൽക്കെ മരണത്തിലേക്ക് ആണ്ടുപോയവരെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും ഇവരുടെ കണ്ഠമിടറും. ഒറ്റപ്പെടലിന്‍റെ തീവ്ര ദുഃഖത്തിൽ നിന്നോ ദുരന്തമേൽപ്പിച്ച മാനസികാഘാതത്തിൽ നിന്നോ ഇവർ ഇപ്പോഴും മുക്തരായിട്ടില്ല.
ദുരന്തം ബാക്കിയാക്കിയ മനുഷ്യരുടെ ജീവിതത്തിന് രണ്ട് വർഷങ്ങൾക്കിപ്പുറവും കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിത്യവൃത്തിക്കു പോലും പ്രയാസപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളികളടക്കമുള്ളവർ ഇപ്പോഴും അന്തിയുറങ്ങുന്നത് വാടക വീടുകളിലാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി മേപ്പാടി പൂത്തക്കൊല്ലിയിൽ പ്രഖ്യാപിക്കപ്പെട്ട 50 വീടുകളിൽ ബഹുഭൂരിഭാഗത്തിന്‍റെയും പണി പാതിവഴിയിലാണ്. പീപ്പിൾസ് ഫൗണ്ടേഷൻ ഏറ്റെടുത്ത പത്ത് വീടുകളടക്കം 16 വീടുകളുടെ പണി പൂർത്തിയായെങ്കിലും അതും ഇതുവരെ അർഹർക്ക് സർക്കാർ കൈമാറിയിട്ടില്ല.