ഒരു വിദ്യാര്‍ത്ഥിയ്ക്ക് വേണ്ടി തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസ്; ഇപ്പോള്‍ ഓണ്‍ലൈന്‍ സംഗീത വിദ്യാലയം
കേരളത്തില്‍ ഓണ്‍ലൈന്‍ പഠനം നടപ്പാകും മുമ്പേ ഓണ്‍ലൈനിലൂടെ സംഗീത വിദ്യാലയം തുടങ്ങിയ അധ്യാപക ദമ്പതികളാണ് സുധീഷും ദേവകിയും
കേരളത്തില്‍ ഓണ്‍ലൈന്‍ പഠനം നടപ്പാകും മുമ്പേ ഓണ്‍ലൈനിലൂടെ സംഗീത വിദ്യാലയം തുടങ്ങിയ അധ്യാപക ദമ്പതികളുണ്ട് കൊച്ചിയില്‍. ലോക സംഗീത ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള നൂറ്റിയമ്പത്തിഞ്ച് വിദ്യാര്‍ഥികളെ ചേർത്ത് സംഗീത വിരുന്നൊരുക്കിയിരിക്കുകയാണിവര്‍...
മ്യൂസിക് ശിക്ഷണ്‍ എന്ന ഓണ്‍ലൈന്‍ സംഗീത വിദ്യാലയത്തിലെ അധ്യാപകരായ സുധീഷും ഭാര്യ ദേവകിയുമാണ് ഗീതാമൃതം എന്ന ഈ സംഗീതസപര്യയുടെ പിന്നിൽ. രണ്ട് മാസത്തെ പരിശ്രമമാണ് ഗുരുക്കൻമാർക്കുള്ള ഈ സംഗീത സമർപ്പണം. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങളുടെ ഓണ്‍ലൈന്‍ സംഗീത ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ഒരു പ്രോഗ്രാമായിരുന്നു ഈ സംഗീതദിനത്തില്‍ ദമ്പതികളുടെ ലക്ഷ്യം. വിവിധ പ്രായക്കാരായ 155 പേരാണ് ഇതിന്‍റെ ഭാഗമായത്. സംഗീതത്തെ കുറിച്ച് വര്‍ണിക്കുന്ന സംസ്കൃതത്തിലുള്ള ഒരു ഗാനമാണ് അതിനായി തെരഞ്ഞെടുത്തത്. രണ്ടുമാസമായി തങ്ങള്‍ ഈ പാട്ട് പഠിപ്പിക്കലും ഷൂട്ടും എഡിറ്റും ഒക്കെയായി തിരക്കുകളിലായിരുന്നുവെന്ന് പറയുന്നു സുധീഷും ദേവകിയും.
കേരളത്തിൽ ഓൺലൈൻ പഠനം സാർവത്രികമാകുന്നതിന് മുമ്പേ തന്നെ ഓൺലൈനിലൂടെ സംഗീത പഠനം യാഥാർഥ്യമാക്കിയവരാണ് ഈ അധ്യാപകർ. ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടനവധി പേരാണ് ഇവരിൽ നിന്ന് ഓൺലൈനിലൂടെ സംഗീതത്തെ സ്വായത്തമാക്കിയത്. വിവിധ ഉപകരണ സംഗീതത്തിനും ഓണ്‍ലൈന്‍ ശിക്ഷണം നല്‍കുന്നുണ്ട്...
2012ലാണ് മ്യൂസിക് ശിക്ഷണ്‍ എന്ന ഈ സംഗീത വിദ്യാലയത്തിന് ഇവര്‍ തുടക്കം കുറിക്കുന്നത്. അയല്‍വാസിയായിരുന്ന ഒരു കുട്ടി അമേരിക്കയില്‍ നിന്ന് വന്നപ്പോള്‍ വീട്ടില്‍ പാട്ട് പഠിക്കാനെത്തിയതാണ് എല്ലാത്തിനും നിമിത്തമായത് എന്ന് ഇവര്‍ പറയുന്നു. കുട്ടി തിരിച്ചുപോയപ്പോള്‍ പഠനം ഓണ്‍ലൈന്‍ ആയി തുടര്‍ന്നു. ഓണ്‍ലൈന്‍ പഠനം ആയത് കൊണ്ട് തന്നെ വീട്ടമ്മമാരും പ്രായം ചെന്നവരും മടികൂടാതെ പഠിക്കാനെത്തുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഇവര്‍ പറയുന്നു. നാലര വയസ്സുമുതല്‍ 60 വയസ്സുവരെ പ്രായമുള്ളവര്‍ തങ്ങളുടെ ശിഷ്യന്മാരിലുണ്ടെന്ന് പറയുന്നു ഈ ദമ്പതികള്‍.
ഓണ്‍ലൈന്‍ സംഗീത വിദ്യാലയം എന്നത് ഒരു സംരംഭം എന്നതിനപ്പുറം സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ് ഈ അധ്യാപകര്‍ക്ക് ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍. ശാസ്ത്രീയമായി പഠിച്ച സംഗീതത്തെ പാഴാക്കാതെ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ മാതൃകാ ദമ്പതികള്‍....