'കുഞ്ഞനന്തന്റെ സംസ്‌കാരത്തിന് എത്തിയത് മുവ്വായിരം പേർ, കേസെടുത്തോ?'; ജാഗ്രതക്കുറവുണ്ടായെന്ന് വിഡി സതീശൻ
"ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം"
തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം.
പ്രവർത്തകർ സുധാകരൻ അധികാരം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ വാതിലിന് സമീപം ആളുകളെ നിർത്തിയിരുന്നു. പരമാവധി ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്. ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം-സതീശൻ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോൾ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? - അദ്ദേഹം ചോദിച്ചു.