ഇന്നും മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴക്ക് ശമനമുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.
തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാലവർഷം എത്തിച്ചേർന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു വടക്കൻ അറബിക്കടലിൽ തമിഴ്നാട് തീരത്തും ലക്ഷദ്വീപിന് സമീപവും ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴികളുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 17 മുതൽ 20 വരെ ശക്തമായ / അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മെയ് 19 വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Summary- Orange alert in four districts and yellow alert in 10 districts