'ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല, പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല'; കെ സുധാകരന്‍
''പിണറായി വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും, എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല''
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ സുരക്ഷ കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പിണറായി വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും, എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.
''ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല''- കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല.
പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലിൽ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നൽകിയ പോലീസ് കാവലിൽ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മൾ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ CPM നെതിരെയും സംസാരിക്കുവാനും പ്രവർത്തിക്കുവാനും പോലീസിൻ്റെ പിൻബലം കോൺഗ്രസിനാവശ്യമില്ല.
എന്നാൽ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിൽ ഭരണപക്ഷത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരൻമാരായ പിണറായിയുടെയും സംഘത്തിൻ്റെയും കൊള്ളരുതായ്മകൾ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതൽ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും!