വിദ്യാഭ്യാസവിചക്ഷണന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശില്‍പികളില്‍ പ്രമുഖനാണ്

Update: 2023-06-27 16:30 GMT
Editor : vishnu ps | By : Web Desk
Advertising

തൃശൂര്‍: പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന അദ്ദേഹം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശില്‍പികളില്‍ പ്രമുഖനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ എസ്.എസ്.എല്‍.സി ബോര്‍ഡ് അംഗം, വിദ്യാഭ്യാസ ഉപദേശകസമിതിയംഗം, കേരള കലാമണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1979ല്‍ വിരമിച്ചു.

മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ 1920 ജനുവരി ആറിനായിരുന്നു ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന അദ്ദേഹം പഠനകാലത്ത് ഇടതുപക്ഷ വിദ്യാഭ്യാസ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1947ല്‍ സ്വന്തം നാടായ മൂക്കുതലയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു.

പത്ത് വര്‍ഷത്തിന് ശേഷം 1957ല്‍ ഇ.എം.എസ് സര്‍ക്കാരിന് മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ഒരു രൂപയ്ക്ക് നല്‍കി വിദ്യാഭ്യാസ വിപ്ലവത്തില്‍ പങ്കാളിയായി.

100 വയസുവരെ തുടര്‍ച്ചയായി 30ലേറെ ഹിമാലയ യാത്രകള്‍ ചിത്രന്‍ നമ്പൂതിരിപ്പാട് നടത്തിയിട്ടുണ്ട്. പുണ്യഹിമാലയം (യാത്രാവിവരണം), സ്മരണകളിലെ പൂമുഖം(ആത്മകഥ) എന്നീ പുസ്തകങ്ങള്‍ രചിച്ചു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News