പാലക്കാട് LDF അപ്രസക്തമെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറത്ത് നിരന്തരം പരീക്ഷിക്കുന്നതാണ് CPM പാലക്കാടും പരീക്ഷിക്കുന്നതെന്ന് സാദിഖലി തങ്ങൾ
പി.വി അൻവറിൽ നിന്ന് ഇടതുപക്ഷം പാഠം പഠിക്കാത്തതുകൊണ്ടാണ് പി.സരിനെ മുന്നണിയിലെടുത്തതെന്ന് സാദിഖലി തങ്ങൾ
Update: 2024-10-20 09:29 GMT
മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രസക്തമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. കഴിഞ്ഞ തവണത്തേതിനേക്കാൾ എൽഡിഎഫിന് ഇത്തവണ വോട്ടുകുറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് പാലക്കാട് മൂന്നാം സ്ഥാനത്താണ്. പി. സരിൻ വന്നതോടെ കൂടുതൽ താഴേക്ക് പോയി. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം പ്രകടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പി.വി അൻവറിൽ നിന്ന് ഇടതുപക്ഷം പാഠം പഠിക്കാത്തതുകൊണ്ടാണ് പി.സരിനെ മുന്നണിയിലെടുത്തതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മലപ്പുറത്ത് നിരന്തരം പരീക്ഷിക്കുന്നതാണ് സിപിഎം പാലക്കാടും പരീക്ഷിക്കുന്നതെന്നും അൻവറിന്റെ കാര്യത്തിൽ നിന്നുപോലും സിപിഎം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.