രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ പാലക്കാട്; സ്ഥാനാർഥി നിർണയ ചർച്ചയുമായി മുന്നണികൾ
മൂന്ന് പാർട്ടികളിലെയും പ്രമുഖരെയാണ് ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നത്
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാലക്കാടെ യു. ഡി.എഫ് നേതൃത്വം. ഉപതെരഞ്ഞെടുപ്പിലും കരുത്ത് തെളിയിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിൽ ജയിച്ചതോടെയാണ് പാലക്കാട് ഒഴിവുവന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരാണ് സാധ്യതാ പട്ടികയിൽ മുൻപന്തിയിൽ.
വി.ടി ബൽറാമിന്റെയും ,ഡി.ഡി.സി പ്രസിഡണ്ട് എ.തങ്കപ്പന്റെയും പേരുകളും ചർച്ചയിലുണ്ട്. കഴിഞ്ഞ 3 നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലം യു.ഡി.എഫിനെ അനുകൂലിച്ചതും ഇവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
അതേസമയം കരുത്തുറ്റ മത്സരത്തിനായിരിക്കും ബി.ജെ.പിയും തയ്യാറെടുക്കുക. നഗരസഭയിലെ തുടർച്ചയായ ഭരണവും , നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയതും ബി ജെ പിയുടെ ആത്മവിശ്വാസത്തിന് കാരണങ്ങളാണ്. ശോഭാ സുരേന്ദ്രനും , പത്മജ വേണുഗോപാലും ചർച്ചയിലുണ്ട്. എന്നാൽ എൽ ഡി എഫിന് കാര്യമായ പിന്തുണയില്ലാത്ത മണ്ഡലമാണ് പാലക്കാട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം എൽ.ഡി.എഫിന് നിരാശയാണ്. എം. സ്വരാജിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ട്. യു.ഡി.എഫിനോട് ഇടഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ച എ.വി ഗോപിനാഥും സാധ്യതാ പട്ടികയിലുണ്ട്. കരുത്ത് തെളിയിക്കാൻ സാധിക്കുമെന്ന് സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം പറയുന്നു. ഇനിയുള്ള 6 മാസം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കൊണ്ട് സമ്പന്നമായിരിക്കും പാലക്കാട് നിയമസഭാമണ്ഡലം .