പാലക്കാട് ശ്രീനിവാസൻ വധം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
2022 എപ്രിൽ 16നാണ് പാലക്കാട്ട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്.


ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് ഒരു വർഷം പഴക്കമുള്ളതാണെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, എൻ. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഏജൻസിക്ക് ഏത് സമയത്തും പ്രത്യേക കോടതിയെ സമീപിക്കാം. പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കി ജാമ്യം അനുവദിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി പ്രത്യേക കോടതിയെ ബോധ്യപ്പെടുത്താൻ ഏജൻസിക്ക് കഴിയുമെന്നും സുപ്രിംകോടതി പറഞ്ഞു.
2022 എപ്രിൽ 16നാണ് പാലക്കാട്ട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന എ. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.