പത്തനംതിട്ടയിൽ ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി
ശ്വാസതടസ്സത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ഡോക്ടർമാർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു
പത്തനംതിട്ടയിൽ ഓക്സിജൻ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജൻ (67) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.45നാണ് ശ്വാസതടസത്തെ തുടർന്ന് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ രാജനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെന്നും യാത്രാമധ്യേ ഓക്സിജന്‍ തീര്‍ന്ന് രോഗി മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. യാത്രക്കിടെ ഗുരുതരാവസ്ഥയിലായ രാജനെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ വഴങ്ങിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്ന രാജനെ ബന്ധുക്കള്‍ പറഞ്ഞിട്ടാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളജിലെത്തി 20 മിനിറ്റിന് ശേഷമാണ് രോഗി മരിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.