പീഡന പരാതി: പി.സി ജോർജ് അറസ്റ്റിൽ

354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്

Update: 2022-07-02 12:31 GMT
Advertising

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പര്‍ റൂമിലേക്ക് വിളിച്ച് വരുത്തിയാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്കെതിരെ കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും തൈക്കാട് ഗസ്റ്റ്ഹൗസിൽ വെച്ച് ലൈംഗീക ചുവയോടെ സംസാരിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

അറസ്റ്റിലായ പിസി ജോർജിനെ എ.ആർ ക്യാമ്പിൽ എത്തിച്ചു. ജോർജിന്റെ സുരക്ഷക്കായി എ ആർ ക്യാമ്പിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ആരെയും പീഡിപ്പിച്ചില്ലെന്നും പരാതിക്കാരിയെ പീഡിപ്പിച്ചവർ റോഡിലൂടെ നടക്കുകയാണെന്നും പിസി ജോർജ് പ്രതികരിച്ചു. പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസാണെന്നും ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും ജോർജിന്റെ  അഭിഭാഷകൻ പറഞ്ഞു. ജോർജിനെ അൽപ സമയത്തിനകം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജറാക്കും.

അതിനിടെ പരാതിക്കാരിയുടെ പേര് പറഞ്ഞത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ പി സി ജോർജ് അധിക്ഷേപിച്ചു. പരാതിക്കാരിയുടെ പേര് പറയാമോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകയോട് താങ്കളുടെ പേര് പറയാമെന്നായിരുന്നു ജോർജിന്റെ പ്രതികരണം. ജോർജിനൊപ്പമുള്ളവരും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി.

Full View

രാവിലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പി സി ജോര്‍ജ്ജിനെ പൊലീസ് വിളിച്ചു വരുത്തി. പിന്നീട് അപ്രതീക്ഷിതമായിരുന്നു പൊലീസ് നീക്കം. നേരത്തെ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും പരാതിക്കാരി ഇക്കാര്യം പറഞ്ഞിരുന്നു.  ഇന്ന് പരാതിക്കാരിയുടെ രേഖാമൂലമുള്ള പരാതി കൂടി വാങ്ങിയ ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News