'വയനാടിന്റെ രാജകുമാരനാ, ആ രാജകുമാരൻ തിരിച്ചെത്തി'; സുപ്രിംകോടതി വിധിയില്‍ സന്തോഷമെന്ന് വയനാട്ടുകാര്‍

അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാനാകും

Update: 2023-08-04 09:15 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി വന്നതോടെ വയനാട്ടുകാരും ആഹ്ളാദത്തിലാണ്. വിധി അറിഞ്ഞതുമുതൽ വയനാട്ടിൽ വലിയ രീതിയിൽ ആഹ്ളാദപ്രകടനങ്ങൾ നടന്നു.'വയനാടിന്റെ രാജകുമാരനാണ് രാഹുൽ ഗാന്ധി. ആ രാജകുമാരൻ തിരിച്ചെത്തിയെന്നായിരുന്നു വിധി അറിഞ്ഞപ്പോൾ നാട്ടുകാരിലൊരാൾ പ്രതികരിച്ചത്. രാഹുലിനെ അയോഗ്യനാക്കിയതുമുതൽ പ്രാർഥനയിലായിരുന്നെന്നും രാഹുലിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷിക്കുന്നെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വയനാട്ടിലെ നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധി സഹായം ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. രാഹുലിനെ അയോഗ്യനാക്കിയതിൽ ഗുജറാത്ത് ഹൈക്കോടതിയടക്കം കൈവിട്ടപ്പോൾ പരമോന്നത നീതിപീഠത്തിൽ വലിയ വിശ്വാസമായിരുന്നെന്നും ഇവർ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഈ തിരിച്ചുവരവ് വലിയ ചലനം സൃഷ്ടിക്കുമെന്നുമായിരുന്നു  ചിലരുടെ പ്രതികരണം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇരു ഭാഗത്തിൻറെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂർണേഷ് മോദിയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരൻറെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവർ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്‌വി മറുപടി നൽകി. വാദം രാഷ്ട്രീയമാക്കരുതെന്ന് പറഞ്ഞ് കോടതി ഇടപെട്ടു.

മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു. എന്നാൽ പൊതുപ്രവർത്തകർ ഇത്തരം പരാമർശം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാഹുലിനോട് കോടതി നിർദേശിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News