കുരുമുളക് വില കുറയുന്നു; കർഷകർക്ക് തിരിച്ചടി, വ്യാപാരികളും പ്രതിസന്ധിയിൽ
വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്
കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയർന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികൾ പ്രതിസന്ധിയിലായത്.
540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന. തുടർച്ചയായുണ്ടായ മഴ മൂലം വിളവ് നാലിലൊന്നായാണ് കുറഞ്ഞത്. അതേസമയം, വളത്തിനും കീടനാശിനിക്കും വില ഇരട്ടിയിലധികമായ സാഹചര്യത്തില്‍ കാർഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാണ്.
വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിൻ്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്. മോഹവിലക്ക് കുരുമുളക് വാങ്ങി സ്റ്റോക്കു ചെയ്ത വ്യാപാരികളും വെട്ടിലായി. ന്യായവില ലഭിക്കാത്തതിനാൽ കടബാധ്യതയേറിയ കർഷകരുടെ എണ്ണവും കുറവല്ല. സർക്കാരിൻ്റെ കൈത്താങ്ങുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.