നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി

ഇതേ ആവശ്യം ഉന്നയിച്ച് കുടുംബം നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു

Update: 2025-04-14 09:13 GMT
Editor : സനു ഹദീബ | By : Web Desk
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി
AddThis Website Tools
Advertising

ന്യൂ ഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ മഞ്ജുഷയാണ് ഹരജി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കുടുംബം നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാസം അവസാനമാണ് നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യ മാത്രമാണ് പ്രതി. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ആകെ 79 സാക്ഷികളാണ് കേസിലുള്ളത്. പെട്രോൾ പമ്പിന് ഉപേക്ഷിച്ച ടിവി പ്രശാന്തൻ കേസിൽ 43-ആം സാക്ഷിയാണ്. പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നൂറിലേറെ പേജുള്ള കുറ്റപത്രത്തിൽ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ ലഭിച്ചു. NOC ലഭിക്കുന്നതിനു മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചു. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചു. NOC അനുവദിക്കും മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി എഡിഎമ്മിനെ കണ്ടു. പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ല. സാധൂകരണ തെളിവുകൾ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തിൽ ഉന്നയിക്കും മുൻപ് എവിടെയും പരാതി അറിയിച്ചില്ല.

ദിവ്യ നടത്തിയ അധിക്ഷേപം ആസൂത്രിതമാണെന്നും കുറ്റപത്രത്തില്‍ പരാമർശമുണ്ട്. അധിക്ഷേപം നടത്തുന്നത് ചിത്രീകരിക്കുന്നതിനുവേണ്ടി പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതിന് ശേഷം ദിവ്യ തന്നെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്ഷണിക്കാതെയായിരുന്നു ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ എത്തിയത്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News