യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി
ഹരജി നൽകിയ നഹാസിന്‍റെ പേരിലും വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരുന്നു
എറണാകുളം: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി. മൂവാറ്റുപുഴ മുൻസിഫ് കോടതിയിലാണ് മൂവാറ്റുപുഴ സ്വദേശി നഹാസ് മുഹമ്മദ് ഹരജി നൽകിയത്.
നഹാസിന്റെ പേരിലും തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരുന്നു. ഹരജി മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ യൂത്ത് കോണ്‍ഗ്രസിനും റിട്ടേണിങ് ഓഫീസർക്കും കോടതി നോട്ടീസ് അയച്ചു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.
വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എ.എ.റഹീം എം പി പരാതി നൽകി. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും പ്രതിപക്ഷ യുവജന സംഘടനകള്‍ ആരോപിച്ചു.
യൂത്ത് കോൺഗ്രസിന്റേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്നും ഡിജിപിക്ക് പരാതി നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കമാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതി നൽകിയിരിക്കുന്നതെന്നും പരാതി ലഭിച്ച് ദിവസങ്ങളായിട്ടും നേതൃത്വം പൊലീസിലറിയിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം ചെലവഴിച്ചുവെന്നും ഇതെവിടെ നിന്ന് സമാഹരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.