സാഹചര്യങ്ങളോട് പടപൊരുതി നേടിയ സ്വപ്നം സാക്ഷാൽക്കാരം; ജെനി ജെറോമിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി
തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ച ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കിയ ജെനി സംസ്ഥാനത്തിന്റെ മൊത്തം അഭിമാനമാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
ഇന്നലെ ഷാര്ജയിൽ നിന്ന് 10.25 ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായാണ് ജെനി ചരിത്രത്തിലേക്ക് പറന്നുയർന്നത്. ഇതിനുപിന്നാലെ ജെനിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലററ്റെന്നതിന് പുറമേ കേരളത്തിലെ പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടവും ജെനി സ്വന്തമാക്കിയിരുന്നു.
പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്.
സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.
പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.