പ്രധാനമന്ത്രിയുടെ സന്ദർശനം: വയനാട്ടിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.

Update: 2024-08-08 14:12 GMT
Advertising

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിങ് നിയന്ത്രണം ബാധകമാണ്.

ബസുകൾക്കുള്ള നിയന്ത്രണം

സുൽത്താൻ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ കൽപ്പറ്റ, കൈനാട്ടി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡിൽ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കൽപ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ കൽപ്പറ്റ ജനമൈത്രി ജങ്ഷൻ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവൻചാൽ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടിൽ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കൽപ്പറ്റക്ക് വരുന്ന വാഹനങ്ങൾ ബൈപാസിൽ കയറി കൈനാട്ടി ജങ്ഷനിൽ ആളെയിറക്കി തിരിച്ചു പോകണം.

ചെറിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കൈനാട്ടി ജങ്ഷനിൽ നിന്നും തിരിഞ്ഞ് പുളിയാർമല - മണിയൻകോട് മുണ്ടേരി - വെയർഹൗസ് ജങ്ഷൻ-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാലാംമൈൽ-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈത്തിരി -പൊഴുതന - പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് - പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവൻചാൽ ഭാഗത്ത് നിന്നും കൽപ്പറ്റയിലേക്കുള്ള വാഹനങ്ങൾ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ - മുട്ടിൽ വഴിയും പോകണം.

ചരക്ക് വാഹനങ്ങൾ

ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈൽ വഴിയോ മീനങ്ങാടി -പച്ചിലക്കാട് - നാലാംമൈൽ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നാലാംമൈൽ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News