പോക്സോ കേസ്; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
കണ്ണൂർ: തളിപ്പറമ്പിൽ പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാർഥിയാണ് പീഡനത്തിനിരയായത്. മുയ്യത്തുവെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിദ്യാർഥി ഇക്കാര്യം കൂട്ടുകാരെ അറിയിച്ചപ്പോൾ രമേശൻ്റെ ഭാഗത്തുനിന്ന് അവരും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. തുടർന്ന് വിദ്യാർഥികളെല്ലാവരും ചേർന്ന് രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പീഡനത്തിനിരയായ വിദ്യാർഥിയുടെ ഫോണിൽ നിന്ന് രമേശനെ ഇവർ വിളിച്ചു. തുടർന്ന് രമേശൻ കൂട്ടുകാരൻ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനോടും സ്ഥലത്തെത്താൻ നിർദേശിച്ചു. രമേശൻ സ്ഥലത്തെത്തിയതോടെ കുട്ടികൾ ഇയാളെ കൂട്ടമായി മർദിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ തളിപ്പറമ്പ് സിപിഎം ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.