കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പഞ്ചായത്ത് അംഗം റിമാൻഡില്‍
മകളെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മണിവർണനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പഞ്ചായത്ത് അംഗം റിമാൻഡില്‍. കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗം ടിഎസ് മണിവര്‍ണനെയാണ് പോക്സോ കേസിൽ കോടതി റിമാൻഡ് ചെയ്തത്.
കുണ്ടറയിൽ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അറസ്റ്റിലായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസും ചുമത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് അംഗം ടി.എസ്.മണിവര്‍ണ്ണനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായത്. മകളെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മണിവർണനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മണിവർണൻ്റെയും പെൺകുട്ടിയുടെയും മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡ് പൊലീസ് പരിശോധിച്ചു. രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെ മണിവര്‍ണ്ണന്‍ പെണ്‍കുട്ടിയെ 1000 ഓളം തവണ വിളിച്ചതായി കണ്ടെത്തി. ഇത് പോക്‌സോ കേസിൽ സമൂഹമാധ്യമം വഴി കുട്ടികളെ ശല്യപ്പെടുത്തുന്ന വകുപ്പിൻ്റെ പരിധിയിൽ ഉൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി. മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. 24ന് വൈകിട്ട് 4.30ഓടെ ആയിരുന്നു പെൻകുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മണിവര്‍ണന്‍ കൂട്ടികൊണ്ട് പോയിരുന്നതായി പൊലീസിന് പെണ്‍കുട്ടി മൊഴിനല്‍കി നൽകിയിരുന്നു.