ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷ സാധ്യത: പൊലീസ് കനത്ത ജാഗ്രതയില്‍
ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.
തിരുവനന്തപുരം: ആർ.എസ്.എസ്- എസ്.ഡി.പി.ഐ തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസ് തീരുമാനം. പാലക്കാടിന് പുറമേ കണ്ണൂർ, ആലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സംഘർഷ സാധ്യത പൊലീസ് കാണുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.
പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളുടെ തുടര്‍ച്ചയുണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ഇവര്‍ എത്തിയത് എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താനാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം നവാസ് നൈനയെ കൊലപ്പെടുത്താനാണ് ഇവരെത്തിയതെന്ന് പൊലീസ് പറയുന്നു.
നവാസ് നൈനയെ വാള്‍ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെന്നും കൂടെയുണ്ടായിരുന്ന നിഷാദ് എന്നയാൾ ഇത് തട്ടിമാറ്റുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. നിഷാദിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പൊലീസ് ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ആർ.എസ്.എസ്- എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ പൊലീസിന്‍റെ പരിശോധനകള്‍ തുടരുന്നുണ്ട്. ഇരുപക്ഷത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ എവിടെയാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.