ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ആശുപത്രിയിൽ പീഡനം; മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയ ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്
'പ്രതിക്കായി തന്നെ സമീപിച്ചവർ കല്യാണം കഴിഞ്ഞതല്ലേ, അതുകൊണ്ട് ലൈംഗികാതിക്രമത്തിന് ഇരയായതിൽ കുഴപ്പമില്ലലോ എന്നു വരെ പറഞ്ഞു'
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം ലൈംഗികാതിക്രമത്തിന് ഇരയായ യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി. കേസ് അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായി. പ്രതിക്ക് വേണ്ടി തന്നെ സമീപിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു.
'തനിക്ക് മാനസിക രോഗമാണെന്നും പണം വാങ്ങിത്തരാം എന്നും പറഞ്ഞ അവർ കല്യാണം കഴിഞ്ഞതല്ലേ, അതുകൊണ്ട് ലൈംഗികാതിക്രമത്തിന് ഇരയായതിൽ കുഴപ്പമില്ലലോ എന്നു വരെ പറഞ്ഞു. പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം സമീപനമാണുണ്ടായത്. ഒരു മാസത്തിലധികമായിട്ടും പ്രതികളെ പിടികൂടാനായില്ല. അഞ്ചു പേരെയും ആശുപത്രിയിൽ വച്ച് കാണിച്ച് കൊടുക്കയും ചെയ്തിരുന്നു. എന്നിട്ടും അവരെ പിടികൂടാൻ കഴിയാത്തത് എന്താണ്. പൊലീസ് പ്രതികളെ സഹായിക്കുകയാണ്'.
കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ചികിത്സയ്ക്കെത്തിയതായിരുന്നു 32കാരിയായ യുവതി. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ മയക്കത്തിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്ററായിരുന്ന ശശീന്ദ്രന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. മെഡിക്കൽ കോളജ് ഐ.സി.യുവിലെ ഗ്രേഡ് 1 വിഭാഗത്തിലെ അറ്റന്ററാണ് ശശീന്ദ്രൻ. സംഭവത്തിൽ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.