ഭാര്യയുടെ ഫോണ്‍ വിളിയെ ചൊല്ലി തര്‍ക്കം, പിടിവലി; യുവാവിന്‍റെ അസ്വാഭാവിക മരണത്തിന്‍റെ ചുരുളഴിഞ്ഞതിങ്ങനെ...
വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു
തൃശൂര്‍: വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ജൂലൈ പതിനൊന്നാം തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുമായിരുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺവിളിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ വിനോദ് കൈപിടിച്ച് തിരിച്ചതോടെ, നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭയന്നുപോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളർന്നു പോയി. വിനോദിന്റെ രക്തസ്രാവം നിലയ്ക്കാതിരുന്നതോടെ നിഷ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോകൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.
വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. വിനോദിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ അഭിപ്രായവും കൊലപാതകമാവാം എന്നതായിരുന്നു. ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വെച്ചു. സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ആദ്യമെല്ലാം താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ, ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരിക്കാന്‍ കാരണമെന്ന് നിഷ സമ്മതിച്ചു. ഡിവൈഎസ്പി ടി.എസ് സിനോജിന്റെയും സി.ഐ ജയകൃഷ്ണന്റേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലാണ് നിഷ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പൊലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. നടപടി ക്രമങ്ങൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും. വരന്തരപ്പിള്ളി സബ് ഇൻസ്പെക്ടർമാരായ സി.സി ബസന്ത്, എ.വി ലാലു, ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു. റെജി, ഷിജോതോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ കെ.പി രജനീശൻ, ഷമീർ വി.എ, ദീപേഷ്, അനിത, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.