'ഇവിടെ വന്നിരിക്കുന്നതെന്തിനാ... നിന്‍റെ പേരെന്താടാ... നിന്നെ ശരിയാക്കിത്തരാം...'; രാത്രി ബസ് സ്റ്റോപ്പിലിരുന്ന യുവാക്കളെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പൊലീസ്
വീട്ടിൽ പറഞ്ഞിട്ടാണ് വന്നതെന്നും കുഴപ്പമില്ലെന്നും കമ്പനിക്കാരനെ കാത്തിരിക്കുകയാണെന്നും യുവാവ് പറഞ്ഞപ്പോൾ ’ഭ! പോടാ, മറ്റവനെ... കേറെടാ വണ്ടിയിൽ’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം.


കോഴിക്കോട്: ’ഇവിടെ വന്നിരിക്കുന്നതെന്തിനാ... നിന്‍റെ പേരെന്താടാ.. അച്ഛനെന്താ ജോലി... രാത്രിയില്‍ എന്തിനാടാ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത്’... ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്തിരുന്ന യുവാക്കൾക്ക് നേരെ അസഭ്യവും ഭീഷണിയുമായി ആക്രോശിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. യുവാക്കൾ കോഴിക്കോട് അമ്പലപ്പടി ബസ് സ്റ്റോപ്പിൽ രാത്രി ഇരിക്കുമ്പോഴായിരുന്നു സംഭവം. പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന യുവാക്കളുടെ അടുത്തെത്തുന്ന പൊലീസ്, ’നീ എന്തിനാടാ ഇവിടെ ഇരിക്കുന്നെ, വീട്ടുകാർ അന്വേഷിക്കില്ലേ, വീട്ടിൽ കുഴപ്പമില്ലേ, അച്ഛനെന്താ ജോലി... വണ്ടിയുടെ പേപ്പർ കാണിക്ക്... വീട്ടിൽ ആരൊക്കെയുണ്ട്...’ എന്നൊക്കെയാണ് ആദ്യം ചോദിക്കുന്നത്. വീട്ടിൽ പറഞ്ഞിട്ടാണ് വന്നതെന്നും കുഴപ്പമില്ലെന്നും കമ്പനിക്കാരനെ കാത്തിരിക്കുകയാണെന്നും ആദ്യത്തെ യുവാവ് പറഞ്ഞപ്പോൾ ’ഭ, പോടാ, മറ്റവനെ... കേറെടാ വണ്ടിയിൽ’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം.
’ഇവിടിരിക്കാൻ പറ്റില്ല... നിന്നെയും നിന്റെ വണ്ടിയുമൊക്കെ പരിശോധിക്കണം... നീ എന്തിനാടാ ഇവിടെ പാതിരാത്രി വന്നുനിൽക്കുന്നത്, അതറിയണ്ടേ... ഇവന്റെ പേഴ്‌സൊക്കെ നോക്ക്’- എന്നും ഉദ്യോഗസ്ഥൻ പറയുന്നു. രണ്ടാമത്തെ യുവാവ് വീഡിയോ പകർത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാൾക്കു നേരെയും ഉദ്യോഗസ്ഥൻ പാഞ്ഞടുക്കുന്നുണ്ട്. ഇങ്ങനെ പ്രശ്‌നമുണ്ടാക്കാൻ ഞങ്ങളെന്ത് ചെയ്‌തെന്ന് ആ യുവാവ് ചോദിക്കുമ്പോൾ, ’ഇവിടെ കഞ്ചാവ് കച്ചവടമൊക്കെ ഉള്ളപ്പോൾ ഞങ്ങൾക്ക് നോക്കണ്ടേ... പേപ്പറൊക്കെ കാണിക്കെടാ... ഇവന്റെ വീട്ടിൽ വിളിക്ക്’... എന്നൊക്കെയാണ് മറുപടി.
’ഇത് നമ്മുടെ സ്റ്റേഷൻ പരിധിയല്ലേ, റെഡിയാക്കാം...’ എന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ഒരു ആവശ്യവുമില്ലാതെയാണ് ഈ ചെയ്യുന്നതെന്ന് യുവാവ് പറയുമ്പോൾ, ’ഞങ്ങളിവിടെ കഞ്ചാവ് തപ്പി നടക്കുകയാണ്, അത് പരിശോധിക്കേണ്ടത് ഞങ്ങടെ ജോലിയാ, നിന്നെയിപ്പോ സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കും’ എന്നും പൊലീസുകാരൻ പറയുന്നു. ’ഞങ്ങളൊന്നും ചെയ്തിട്ടില്ല, കഞ്ചാവ് വലിച്ചിട്ടില്ല, വേണമെങ്കിൽ ഊതിച്ചോ’ എന്ന് പറയുമ്പോൾ വീണ്ടും തട്ടിക്കയറുകയാണ് ഉദ്യോഗസ്ഥൻ. പിടിച്ചുവലിച്ച് അങ്ങോട്ട് എറിഞ്ഞതെന്തിനാണ് എന്ന് ചോദിക്കുമ്പോൾ ’വലിച്ചെന്നൊക്കെ ഇരിക്കും, തോന്ന്യാസം ചെയ്താൽ അങ്ങനൊക്കെ ചെയ്യും, നിന്റെ വീടെവിടാടാ...’ എന്നാണ് ഉദ്യോഗസ്ഥന്റെ അടുത്ത മറുപടി. ഇതിനിടെ, ബലം പ്രയോഗിച്ച് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ യുവാക്കളെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
‘ഇത് ഞങ്ങളായിരുന്നു‘- എന്നു പറഞ്ഞ് സംഭവത്തെക്കുറിച്ച് വീഡിയോയുടെ താഴെ ബാദുഷ എന്ന യുവാവ് കമന്റ് ചെയ്തിട്ടുണ്ട്. കമ്പനിക്കാരന്റെ ബർത്ത് ഡേ ആഘോഷിക്കാനായി മറ്റു കമ്പനിക്കാരെ കാത്തുനിൽക്കുകയായിരുന്നു തങ്ങളെന്ന് യുവാവ് പറയുന്നു. പൊലീസ് ഭയങ്കര രീതിയിൽ ചൂടാവുകയും വീഡിയോ എടുക്കുന്നത് കണ്ട് ഫോൺ ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും അത് കൊടുക്കാത്തതുകൊണ്ട് തന്നെ മർദിക്കുകയും ഷോൾഡറിൽ പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്തെന്ന് യുവാവ് പറയുന്നു. അതിനുശേഷം ഫോൺ പിടിച്ചുവാങ്ങി തീവ്രവാദികളെയോ കൊലപാതകികളേയോ കൊണ്ടുപോകുന്നതുപോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി.
ജീപ്പിൽ കയറ്റിയ ശേഷം വളരെ മോശം തെറികൾ വിളിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്നും നിനക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് നീ ചെയ് എന്നെല്ലാം പറഞ്ഞ് തങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തെന്നും അവിടെ വച്ച് ഫോട്ടോ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞ് അഡ്രസും മറ്റ് വിവരങ്ങളും വാങ്ങിവച്ചെന്നും യുവാവ് കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.