പാലക്കാട്ടെ രാത്രി പരിശോധന; മുറികളിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്നാണ് ആരോപണം

Update: 2024-11-06 01:49 GMT
Advertising

പാലക്കാട്: പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന പരാതിയിൽ ഇന്നലെ അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പരിശോധനയിൽ പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസിപി അശ്വതി ജിജി അറിയിച്ചു.

നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ രാത്രി പാലക്കാട് സാക്ഷ്യം വഹിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്‌ക്കെത്തി എന്നാണ് വിവരം. അർധരാത്രി 12 മണിയോടെ വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലേക്ക് പൊലീസെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

ബിന്ദു കൃഷ്ണയുടെ മുറിയിൽ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോൾ ഉസ്മാനെയും സമീപിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ച് പൊലീസ് പരിശോധന പൂർത്തിയാക്കി. പരിശോധിച്ച മുറികളിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണിതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

രാഹുലിനായ് കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം രാഹുൽ ഉൾപ്പടെ ഹോട്ടലിൽ ഉണ്ടെന്ന് സിപിഎം-ബിജെപി നേതാക്കൾ ആരോപിച്ചെങ്കിൽ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് അവകാശപ്പെട്ട് രാഹുൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി.

Full View

സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. സംഭവത്തെ നിയമപരമായി നേരിടുമെന്നും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News