രാസപരിശോധനാ ഫലത്തില്‍ വിഷാംശം കണ്ടെത്താനായില്ല; പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു

കല്യാണിയുടെ ആന്തരികാവയവങ്ങളില്‍ നടത്തിയ രാസപരിശോധനാ ഫലത്തില്‍ വിഷാംശം കണ്ടെത്താനായില്ല

Update: 2024-03-12 03:31 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ആന്തരികാവയവ രാസപരിശോധനാ ഫലത്തില്‍ വിഷാംശം കണ്ടെത്താന്‍ കഴിയാത്തതോടെ പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. ഇതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരത്തെ സ്വീകരിച്ച വകുപ്പ് തല നടപടി പിന്‍വലിക്കും. കേരളാ പൊലീസിന്റെ കെ 9 സ്‌ക്വാഡിലെ കല്യാണി ചത്തത് വിഷം ഉള്ളില്‍ച്ചെന്നായിരിക്കാമെന്ന സാധ്യതയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരുന്നത്. കല്യാണിയുടെ ആന്തരികാവയവങ്ങളില്‍ കണ്ടെത്തിയ വിഷാംശമായിരുന്നു ഈ സംശയങ്ങള്‍ക്ക് പിന്നില്‍. തുടര്‍ന്ന് വിഷം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയക്കുകയായിരുന്നു.

ഇതിനിടെ വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ വകുപ്പുതല നടപടിയെടുത്തിരുന്നു.

പൂന്തുറ ഡോഗ് സ്‌ക്വാഡിലെ എസ്.ഐ ഉണ്ണിത്താന്‍, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവര്‍ക്കെതിരെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. കൂടാതെ തിരുവനന്തപുരം പൂന്തുറ പൊലീസ് കേസുമെടുത്തിരുന്നു. വിഷാംശം കണ്ടെത്താന്‍ കഴിയാത്തതോടെ ഈ നടപടി ഉടന്‍ പിന്‍വലിക്കും. മസ്തിഷ്‌കാര്‍ബുദം ബാധിച്ച കല്യാണി, അതിനുള്ള മരുന്നു കഴിച്ചിരുന്നു. അതാണോ മരണകാരണമെന്നും അന്വേഷിക്കുന്നുണ്ട്. എട്ട് വര്‍ഷവും എട്ട് മാസവും പ്രായമുള്ള കല്യാണി ചത്തത് നവംബര്‍ 20നാണ്. 2015-ല്‍ സേനയുടെ ഭാഗമായ കല്യാണിക്ക് 2021 വര്‍ഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News