ഷാജന്‍ സ്കറിയക്കായി അരിച്ചുപെറുക്കി പൊലീസ്; 'മറുനാടന്‍' ജീവനക്കാരന്‍ കസ്റ്റഡിയില്‍
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിന്റെ എഡിറ്റർ ഷാജൻ സ്‌കറിയക്കായി സംസ്ഥാനമൊടുനീളം പൊലീസ് തെരച്ചിൽ നടത്തുന്നു. ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തി. തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് വിശദമായ പരിശോധനക്കയക്കാനാണ് തീരുമാനം. നേരത്തെ ഷാജൻ സ്‌കറിയക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ഓഫീസിൽ ഏതാണ്ട് ഒരാഴ്ച മുമ്പ് പരിശോധന നടത്തുകയും ഹാർഡ് ഡിസ്‌കുകളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.
ഷാജൻ സ്‌കറിയി വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് മറുനാടൻ മലയാളിയുടെ സംസ്ഥാനത്തുടനീളമുള്ള ഓഫീസുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചത്. ഇന്ന് നടത്തിയ പരിശോധനയിൽ മറുനാടൻ മലയാളി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മറ്റു ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.