തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ ഇടപെടണം -കേരള ജംഇയ്യത്തുൽ ഉലമ
‘തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം’
കോഴിക്കോട്: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു. വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥന്മാർക്കും മാത്രമല്ല, സ്ഥാനാർഥികളടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവനാളുകൾക്കും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് അസൗകര്യമാവും.
രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. മത വിശ്വാസികളെ ബാധിക്കുന്ന പ്രശ്നം എന്നതിനപ്പുറം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന നടപടിയെന്ന നിലയിൽ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാവണം.
വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന്റെ പേരിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെടുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവുന്നതിന്റെ പേരിൽ ആരാധനാ കർമങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നതും അംഗീകരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷനുമായി വിഷയത്തിന്റെ ഗൗരവം ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ മുൻകയ്യെടുക്കണമെന്ന് കെ.ജെ.യു പ്രസിഡന്റ് എം. മുഹമ്മദ് മദനിയും സെക്രട്ടറി ഹനീഫ് കായക്കൊടിയും ആവശ്യപ്പെട്ടു.