അമൃതാനന്ദമയീ മഠത്തിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി
നിരന്തരമായി ദുരൂഹമരണങ്ങള്‍ നടക്കുന്ന മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് വ്യക്തമാണ്. മഠത്തില്‍ നടന്നിട്ടുള്ള ആത്മഹത്യകളൊക്കെ ദുരൂഹ സാഹചര്യത്തിലാണെന്നും ക്രിമിനല്‍ കേന്ദ്രമായി മഠം പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.
കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിലെ മുഴുവന്‍ ദുരൂഹമരണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി അനില്‍ കാന്തിനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പരാതി നല്‍കി. പരാതി ശ്രദ്ധയില്‍പ്പെട്ടതായും തുടര്‍നടപടിക്കായി ഡി.ജി.പിക്ക് കൈമാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയെ മഠത്തിലെ കെട്ടിടത്തിന്റെ കോണിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുമുമ്പും വിദേശികളും സ്വദേശികളുമായി നിരവധിപേര്‍ മഠത്തിനുള്ളില്‍ ആത്മഹത്യ ചെയ്തതായും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ദുരൂഹമരണങ്ങള്‍ ഉണ്ടായിട്ടുള്ളതായും മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
യുകെ സ്വദേശിനിയായ സ്റ്റെഫെഡ് സിയോന, ജപ്പാന്‍ സ്വദേശി ഓഷി ഇജി, കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍, അമൃതാനന്ദമയിയുടെ സഹോദരന്‍ സുഭഗന്‍, ഭാസ്‌കരദാസ്, നാരായണന്‍കുട്ടി, രാമനാഥ അയ്യര്‍, സിദ്ധരാമന്‍, ധുരംദര്‍, വിദേശ വനിതയായ എബില്‍ഡ് ബേന്‍ കരോളിന്‍, ബീഹാര്‍ സ്വദേശി സത്‌നാം സിങ് തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.
നിരന്തരമായി ദുരൂഹമരണങ്ങള്‍ നടക്കുന്ന മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് വ്യക്തമാണ്. മഠത്തില്‍ നടന്നിട്ടുള്ള ആത്മഹത്യകളൊക്കെ ദുരൂഹ സാഹചര്യത്തിലാണെന്നും ക്രിമിനല്‍ കേന്ദ്രമായി മഠം പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്നാണ് പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ആവശ്യപ്പെട്ടത്.