'എന്താണ് ഷാഫീ... കത്തൊക്കെ കൊടുത്തൂന്ന് കേട്ടു': ഫ്‌ളക്‌സ് ബോർഡുമായി സി.പി.എം
യു.ഡി.എഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ കത്ത് നൽകിയത് പരാമർശിച്ചാണ് പോസ്റ്റർ
തിരുവനന്തപുരം: കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ യൂത്ത് കോൺഗ്രസിനെതിരെ ഫ്ലക്സ് ബോർഡുമായി സിപിഎം. യുഡിഎഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ കത്ത് നൽകിയത് പരാമർശിച്ചാണ് പോസ്റ്റർ. കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്താൻ ഇരിക്കെയാണ് സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
'എന്താണ് ഷാഫീ.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു' എന്ന് തുടങ്ങിയാണ് ഫ്ളക്സ് ബോര്‍ഡിലെ വാചകം. കത്തിന്റെ പകര്‍പ്പ് ഫ്ളക്സ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിനായി മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന വിവാദം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്തെ ശുപാർശ കത്തുകളും പുറത്തുവരുന്നത്.
അതേസമയം കത്ത് വിവാദത്തിലെ അന്വേഷണം ഇഴയുകയാണ്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെങ്കിലും റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇനിയും സമർപ്പിച്ചിട്ടില്ല. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മടങ്ങി എത്തുന്നതോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം എടുക്കുമെന്നാണ് വിവരം. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.