പോത്തൻകോട് കൊലപാതകം; മൂന്ന് പേർ കൂടി പിടിയിൽ
സച്ചിൻ , അരുൺ, ശ്രീരാജ് എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം പോത്തൻകോട് കൊലപാതകത്തില്‍ മൂന്ന് പേർ കൂടി പിടിയിൽ. സച്ചിൻ , അരുൺ, ശ്രീരാജ് എന്നിവരാണ് പിടിയിലായത്.നേരത്തെ മൂന്ന്പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇതോടെ കേസില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ആറായി. പതിനൊന്ന് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത് എന്നാണ് പോലീസ് വിലയിരുത്തല്‍. ഇതില്‍ പ്രധാന പ്രതികളെ പിടികൂടാന്‍ ഇനിയും പിടികൂടാനായിട്ടില്ല.
പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആറ്റിങ്ങൽ വധശ്രമക്കേസിൽ ഒളിവിലിരിക്കെയാണ് സുധീഷ് കൊല്ലപ്പെടുന്നത്.ഈ മാസം 6 ന് ആറ്റിങ്ങൽ ഊരുപൊയ്കയിൽ നടന്ന വധശ്രമ കേസിലെ പിടികിട്ടാപുള്ളിയാണ് സുധീഷ്. ഇയാളുടെ സഹോദരനടക്കം നാലു പേർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയവെയാണ് കല്ലൂരിലെ വീട്ടിൽ വച്ച് പത്തംഗ സംഘം മൃഗീയമായി സുധീഷിനെ വെട്ടിക്കൊന്നത്.
ദേഹമാസകലം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകൾ കാലുവെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. ജയഭേരി മുഴക്കി മടങ്ങി പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. രക്തം വാർന്നു കിടന്ന സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദാരുണാന്ത്യം നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നതിനാൽ ഇതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ഇയാൾ വഴിമധ്യേ പൊലീസിന് മൊഴി നൽകിയിരുന്നു. ഡി.ഐ.ജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കുന്നുണ്ട്.