പിആർ വിവാദം; രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും മൗനത്തില്‍ തന്നെ

നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പിആർ വിവാദത്തിൽ വ്യക്തത വരുത്തണം എന്ന ആലോചന സർക്കാർ തലത്തിൽ നടക്കുന്നുണ്ട്

Update: 2024-10-03 01:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പിആർ വിവാദമുയർന്നു രണ്ട് ദിവസം കഴിഞ്ഞിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും. പി.വി അൻവറിന് പിന്നാലെ പിആർവിവാദം കൂടി ആയതോടെ കനത്തപ്രതിരോധത്തിലാണ് സിപിഎം. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പിആർ വിവാദത്തിൽ വ്യക്തത വരുത്തണം എന്ന ആലോചന സർക്കാർ തലത്തിൽ നടക്കുന്നുണ്ട്.

മുസ്‍ലിം മതന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്കുള്ള സ്വാധീനം ഇല്ലാതാക്കാൻ വേണ്ടിയാണ് പി.വി അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞായിരുന്നു സിപിഎമ്മിന്‍റെയും സർക്കാരിന്‍റെയും പ്രതിരോധം.ഇതിനിടയിലാണ് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം വിവാദ പരാമർശം ഉൾപ്പെടുത്തിയത് പി ആർ ഏജൻസി പറഞ്ഞത് പ്രകാരമാണെന്ന പത്രത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഇതോടെ സർക്കാരിലും സിപിഎമ്മിലും പ്രതിസന്ധി രൂക്ഷമായി. വിവാദ പരാമർശം ഉൾപ്പെടുത്താൻ പി ആർ ഏജൻസിക്ക് ആരെങ്കിലും നിർദേശം നൽകിയതാണോ പിആർ ഏജൻസി സ്വമേധയാ ചെയ്തതാണോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.വിവാദമുണ്ടായി രണ്ടാം ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി നേതൃത്വവും മൗനത്തിലാണ്. സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുയർന്നാൽ പ്രസ്താവനയെങ്കിലും ഇറക്കി പാർട്ടി പ്രതിരോധിക്കാറുണ്ട്.

എന്നാൽ ഈ വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല. പി ആർ സഹായം തേടിയിട്ടില്ലെന്ന് പറഞ്ഞ് മന്ത്രിമാരും ചില നേതാക്കന്മാരും പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും നേതൃത്വം ഇപ്പോഴും മൗനത്തിലാണ്.മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ അഭിമുഖത്തിൽ തിരുത്തൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദുവിന് കത്ത് നൽകിയത്. അതിൽ ഖേദം പ്രകടിപ്പിച്ച ദ ഹിന്ദു പത്രം പി ആർ ഏജൻസി എന്ന ഭൂതത്തെയാണ് കുപ്പിയിൽ നിന്ന് തുറന്നു വിട്ടിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് പിആർ വിവാദത്തിൽ വ്യക്തത വരുത്തണം എന്നാലോചന മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കിൽ സിപിഎമ്മിന്‍റെ പ്രതികരണവും ഇന്നുണ്ടായേക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News