പ്രമോദ് രാമൻ മീഡിയവൺ എഡിറ്ററായി ചുമതലയേറ്റു
1990ൽ ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച പ്രമോദ് രാമൻ ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ എന്നീ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്
പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമൻ മീഡിയവൺ എഡിറ്ററായി ചുമതലയേറ്റു. 1990ൽ ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച പ്രമോദ് രാമൻ ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ എന്നീ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ മനോരമ ന്യൂസ് സീനിയർ കോര്‍ഡിനേറ്റിങ്ങ് എഡിറ്ററാണ്.
മലയാള സാറ്റലൈറ്റ് ചാനലുകളുടെ ചരിത്രത്തോടൊപ്പം വളർന്നുവന്ന ദൃശ്യമാധ്യമ പ്രവർത്തകനാണ് പ്രമോദ് രാമൻ. 1995ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്‍റെ ആദ്യ വാർത്താ ബുള്ളറ്റിൻ അവതാരകനായാണ് ദൃശ്യമാധ്യമ രംഗത്തെത്തിയത്. ഫിലിപ്പീൻസിൽ ആയിരുന്നു അന്ന് ന്യൂസ് റൂം. മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ ന്യൂസ് ടീമിൽ പ്രമോദ് രാമനുണ്ടായിരുന്നു. കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ പ്രമോദ് രാമൻ രാവണീശ്വരം ഗവ. ഹൈസ്കൂളിലും കാസര്‍ക്കോട് ഗവ.കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളാ പ്രസ് അക്കാദമിയിൽ നിന്ന് മാധ്യമ പ്രവർത്തനത്തിൽ ബിരുദം നേടി.
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച കഥാകൃത്താണ്. രതിമാതാവിന്‍റെ പുത്രൻ, ദൃഷ്ടിച്ചാവേർ, മരണമാസ്, കഥ, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാന്‍റെ ജീവിതം ഇതിവൃത്തമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമയിൽ മൂർക്കോത്ത് കുമാരനെ അവതരിപ്പിച്ചത് പ്രമോദ് രാമനാണ്. ഭാര്യ ജയലക്ഷ്മി അധ്യാപികയാണ്. മകൻ- അമലേന്ദു.