എന്തു വിശദീകരണമാണ് മീഡിയവൺ നൽകേണ്ടത്?
പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സംഗമത്തിൽ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തിയ പ്രഭാഷണം
മീഡിയവണിന് നേരിടേണ്ടി വന്ന ദുരനുഭവം എന്താണെന്നും സമൂഹത്തിൽ അത് എത്രത്തോളം വലിയ ആഘാതമാണ് ഉണ്ടാക്കുന്നത് എന്നും ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് മീഡിയവണിന് ലഭിച്ച പിന്തുണ അതിന്റെ അടിസ്ഥാനത്തിലാണ്. എന്തുകൊണ്ട് ഒരു മാധ്യമസ്ഥാപനം, ഒരു പുസ്തകം, ഒരു സംഘടന നിരോധിക്കപ്പെട്ടുകൂടാ എന്ന ചോദ്യത്തിന് ഈ സമൂഹം ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
നിരോധനം എന്ന വാക്കിനെ അങ്ങേയറ്റം ആശങ്കയോടെ മാത്രമാണ് നാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കണ്ടു പോന്നിട്ടുള്ളത്. ഒരു അഭിപ്രായത്തെയോ വസ്തുതയേയോ കാഴ്ചപ്പാടിനെയോ നിരോധിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാഥമികമായിത്തന്നെ എതിരാണ്. അതേസമയം, മാധ്യമ സ്വാതന്ത്യത്തിനുള്ള വിലക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. രാജ്യസുരക്ഷക്കും ജനാധിപത്യത്തിനും നിരക്കാത്ത എന്തു ചെയ്തിയുടെ അടിസ്ഥാനത്തിലാണ് ഒരു മാധ്യമത്തെ നിരോധിച്ചത് എന്ന് വ്യക്തമാക്കാനുള്ള പ്രാഥമിക ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാൽ അത് പാലിച്ചില്ല എന്നു മാത്രമല്ല, സ്ഥാപനത്തോട് പോലും നിരോധനത്തിന്റെ കാരണം പറഞ്ഞില്ല എന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം എന്തിനാണ് മീഡിയാ വണ്ണിന്റെ പ്രവർത്തനം റദ്ദു ചെയ്തത് എന്ന് ഞങ്ങൾക്കിപ്പോഴും അറിയില്ല. സുരക്ഷാകാരണങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ് എന്ന് പോലും ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് നിങ്ങളുടെ അനുമതി റദ്ദാക്കപ്പെടാതിരിക്കണം എന്നാണ് ഞങ്ങളോട് ചോദിച്ചത്. എന്തിനാണ് നിരോധനം എന്നറിയാതെ എന്തു വിശദീകരണമാണ് മീഡിയവൺ നൽകേണ്ടത്?
പ്രമുഖ ദേശീയമാധ്യമമായ എൻ.ഡി.ടി.വിയെ മുമ്പ് കേന്ദ്രം ഒരു ദിവസത്തേക്കു വിലക്കിയിരുന്നു. അതിന് കൃത്യമായ കാരണവും നോട്ടീസും കൊടുത്തിരുന്നു. ചാനൽ അധികൃതരെ നേരിട്ടുവിളിച്ചു വരെ ചർച്ച നടത്തി. ഇതിനൊക്കെ ശേഷമാണ് വിലക്കുണ്ടായത്. അത്രയധികം നടപടിക്രമങ്ങളിലൂടെ വിലക്കിന് മുമ്പ് എൻ.ഡി.ടി.വി കടന്നുപോയി. എന്നാൽ ഇതൊന്നും ഇല്ലാതെയാണ് മീഡിയാവണിന് വിലക്കുണ്ടായത്. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കാൻ ഒന്നോ രണ്ടോ കത്തുകൾ അയച്ചു എന്നല്ലാതെ മുന്നറിയൊപ്പൊന്നുമില്ലാതെ, വിശദീകരണം ചോദിക്കാതെ പെട്ടെന്നാണ് വിലക്കുണ്ടായത്. ഇത് ഭരണണഘടനയോടുള്ള അവമതിപ്പാണ്. മീഡിയാവണിനെതിരെ ഇന്നുണ്ടായ നടപടി നാളെ ഏതു മാധ്യമസ്ഥാപനത്തിനെതിരെയും ഉണ്ടാകാം.
പണ്ടു പത്രങ്ങൾ ശക്തമായി പ്രതികരിച്ചിരുന്ന കാലങ്ങളിൽ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ഇതിനേക്കാൾ മനോഹരമായി സംരക്ഷിക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ കേബിൾ ടി.വി ആക്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന ചില നിർദേശകതത്വങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ ലംഘനമുണ്ടായെന്ന് പറഞ്ഞ് നിരോധനമേർപ്പെടുത്താം.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് മീഡിയവൺ ചെയ്തത് എന്നും കേന്ദ്രം തീരുമാനിച്ച ഏത് സുരക്ഷാമാനദണ്ഡത്തിന്റെ കാര്യത്തിലാണ് ലംഘനമുണ്ടായത് എന്നും പറയാൻ കേന്ദ്രം തയ്യാറാവണം. എന്നാൽ ഇതുവരെ അവരതിനു തയ്യാറായിട്ടില്ല. ഇന്നലെ വരെ ഞങ്ങളെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്ക് ഞങ്ങളെ അറിയാം.
വിഷയം ഹൈക്കോടതിക്ക് മുന്നിലാണ്. നാളെ കേസ് പരിഗണിക്കുമ്പോൾ ഒരു യുക്തിയുമില്ലാത്ത ഈ ഉത്തരവ് നടപ്പിലാക്കുന്നത് രാജ്യത്തെ ജനാധിപത്യാവകാശങ്ങൾക്ക് മേലുള്ള കൈകടത്തലാണെന്ന് ബഹുമാനപ്പെട്ട കോടതിക്ക് ബോധ്യമാകും എന്ന് തന്നെയാണ് വിശ്വാസം. നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണ് മീഡിയവണിന്റെ തീരുമാനം. മാധ്യമസ്ഥാപനങ്ങൾക്ക് താഴിട്ടു പൂട്ടാനുള്ള തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതൊക്കെ കണ്ട് ജനാധിപത്യസമൂഹം വെറുതെയിരിക്കില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നു. മീഡിയവണിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്് ഈ പ്രതിഷേധ സംഗമം സംഘടിപ്പിച്ച കേരളപത്രപ്രവർത്തക യൂണിയന് എല്ലാവിധ നന്ദിയും അറിയിക്കുന്നു.