എല്ലാ കാർഡുകാർക്കും ഓണത്തിന് മുൻപ് ഭക്ഷ്യക്കിറ്റ്; മന്ത്രി ജി.ആർ അനിൽ
കാർഡുടമയ്ക്ക് നിശ്ചയിച്ച ദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനത്തിന് നിർദ്ദേശം നൽകിയതായും ഭക്ഷ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കാർഡുകാർക്കും ഓണത്തിന് മുമ്പ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ . ഭക്ഷ്യക്കിറ്റ് വിതരണവും റേഷൻ വിതരണവും നിലച്ചിട്ടില്ല. ഇ പോസ് സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വരെ അഞ്ചു ലക്ഷത്തിലധികം കിറ്റുകൾ വിതരണം ചെയ്തു.കിറ്റിന്റെ 70 ശതമാനവും റേഷൻ കടകളിലേക്ക് എത്തിച്ച് വരികയാണ്. കാർഡുടമയ്ക്ക് നിശ്ചയിച്ച ദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനത്തിന് നിർദ്ദേശം നൽകിയതായും ഭക്ഷ്യമന്ത്രി അറിയിച്ചു.
അതേസമയം, ഓണവിപണിയിൽ തട്ടിപ്പ് തടയാൻ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജിതമാക്കാൻ മന്ത്രി നിർദേശം നൽകി. തിരുവോണത്തിന് ഏഴ് ദിവസം മുൻപ് മുതൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കും. മുദ്ര പതിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉത്പന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, വില എന്നീ കാര്യങ്ങളിൽ കുറ്റകൃത്യങ്ങൾ നടക്കുന്നതായി കണ്ടെത്തിയാൽ പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയോ ചെയ്യും. പരിശോധനകളുടെ ഭാഗമായി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.