കോട്ടയത്തെ ഗര്‍ഭിണിയുടെ മരണം കോവിഡ് വാക്സിനേഷന്‍ മൂലമാകാമെന്ന് ആശുപത്രി
എന്നാൽ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
കോട്ടയത്ത് ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട്. പാലായിലെ മാർസ്ലീവ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്‍റെ മരണത്തിലാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്.
എന്നാൽ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അതേസമയം ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. വാക്‌സിനെടുത്ത ശേഷം അസ്വസ്ഥതകൾ കാണിച്ച മഹിമ മാത്യുവിനെ ഡോക്ടറെ കാണിച്ചെങ്കിലും അത് ഗർഭകാലത്ത് സാധാരണമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പിന്നീട് നില വഷളാവുകയും തലയിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയുമായിരുന്നു.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്‌സിൻ മൂലമാണ് രക്തസ്രാവമുണ്ടായത് എന്ന് പറയാൻ സാധിക്കൂകയുള്ളൂ എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.