പ്രചാരണം ശക്തം; പ്രധാനമന്ത്രിയും രാഹുലും നാളെ കേരളത്തില്‍

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും 16 ന് കേരളത്തില്‍ പ്രചാരണം നടത്തും

Update: 2024-04-14 09:44 GMT
Advertising

തിരുവനന്തപുരം: അവധി ദിവസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. നാളെ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കൂടെ എത്തുന്നതോടെ പ്രചാരണം കൂടുതല്‍ സജീവമാവും. അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുടെ നിര തന്നെ സംസ്ഥാനത്തേക്ക് എത്തും.

ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാളത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന രാഹുല്‍ ഗാന്ധി നാളെ പകല്‍ മുഴുവന്‍ മണ്ഡലത്തില്‍ റോഡ് ഷോ അടക്കമുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന യു.ഡി.എഫ് റാലിയിലും രാഹുല്‍ എത്തും. 16 ന് മലപ്പുറം ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പര്യടനം.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും 16 ന് കേരളത്തില്‍ പ്രചാരണം നടത്തും. നാളെ മുതല്‍ 23 വരെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബ്രിന്ദാ കാരാട്ട്,തപന്‍ സെന്‍, സുഭാഷിണി അലി, ഡി രാജ തുടങ്ങിയ നേതാക്കള്‍ എല്‍.ഡി.എഫിനായി വോട്ട് ചോദിച്ച് എത്തും. ഇതോടെ ദേശീയ നേതാക്കളുടെ വാക്കുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിക്കും.

യു.ഡി.എഫിനും എല്‍.ഡി.എഫിനുമായി കളത്തിലിറങ്ങുന്ന ദേശീയ നേതാക്കളെല്ലാം വോട്ട് ചോദിക്കുക മോദിയെ താഴെയിറക്കാന്‍ വേണ്ടിയാണ്. ഒപ്പം സംഘപരിവാര്‍ വിരുദ്ധതയില്‍ ആരാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ടാവും. മറു ഭാഗത്തും മോദിയുടെ ഗ്യാരന്റിയില്‍ ഊന്നിയാവും ബി.ജെ.പിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥികളും കൊടും ചൂട് മറന്ന് വാഹന പര്യടനത്തിലൂടെ പരാമവധി വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News