'അധികാരത്തിലെത്തിയാൽ സി.എ.എ റദ്ദാക്കും', പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി
പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി.എ.എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി.എ.എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. സി.എ.എയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്.
രാഹുൽ, സി.എ.എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമർശിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. വാളയാർ, വണ്ടിപ്പെരിയാർ വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം.