ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം: വി.ഡി സതീശന്‍

ക്രിമിനല്‍ കേസുകളില്‍ സിപിഎം- ബിജെപി ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും സതീശൻ ആരോപിച്ചു.

Update: 2021-06-29 05:48 GMT
Advertising

സൈബർ ഇടങ്ങളിലെ സി.പി.എം ഗുണ്ടകള്‍ ക്രിമിനല്‍ കേസിലും പ്രതികളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് പ്രതികളെ ന്യായീകരിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തണം. ക്രിമിനല്‍ പ്രവർത്തനങ്ങ‍ള്‍ നടത്തുന്നവർക്ക് സിപിഎം പിന്തുണ നൽകുകയാണെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്നു സതീശൻ പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് ഇതിന് ഉദാഹരണമാണ്. "രാമനാട്ടുകരയിലെ സ്വർണകള്ളക്കടത്ത് പ്രതികൾക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണം."സതീശൻ പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ട്. വേറെ പണിയില്ലാതായപ്പോള്‍ ഇവർ മറ്റു ജോലികളിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുഴല്‍പണക്കേസിന്റെ അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസിൽ സർക്കാർ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ സിപിഎം- ബിജെപി ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും സതീശൻ ആരോപിച്ചു.

മരംകൊള്ളയിൽ മുൻ വനം , റവന്യൂ മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. വനം മാഫിയക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിച്ച് കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്.വനം മാഫിയക്ക് ഇഷ്ടം പോലെ മരം മുറിച്ചുമാറ്റാനുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News