കോന്നിയിൽ നിർമാണ വസ്തുക്കളുടെ വില വർധിപ്പിച്ച ക്വാറി ഉടമകൾക്കെതിരെ പ്രതിഷേധവുമായി ലോറി ഉടമകളും നാട്ടുകാരും
വിനായക , ചെങ്കുളം ക്വാറികള്‍ക്കെതിരെയാണ് പ്രതിഷേധം
പത്തനംതിട്ട: കോന്നിയിൽ നിർമാണ വസ്തുക്കളുടെ വില വർധിപ്പിച്ച ക്വാറി ഉടമകൾക്കെതിരെ പ്രതിഷേധവുമായി ലോറി ഉടമകളും നാട്ടുകാരും. വിനായക , ചെങ്കുളം ക്വാറികള്‍ക്കെതിരെയാണ് പ്രതിഷേധം. അമിതമായി വില വർധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും നിർമാണ വസ്തുക്കളുടെ വില ഏകീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കോന്നിയില്‍ പ്രവർത്തിക്കുന്ന വിനായക , ചെങ്കുളം ക്വാറികള്‍ അമിത വിലയീടാക്കുന്നതായാണ് നാട്ടുകാരുടെയും ടിപ്പർ ലോറി തൊഴിലാളികളുടെയും പരാതി. പ്രദേശത്തെ തന്നെ മറ്റ് ക്വാറികളിലും ജില്ലയിലെ പല സ്ഥലങ്ങളിലുമുള്ളതിനെക്കാള്‍ ഇരട്ടിയിലേറെ വിലയാണ് ഇവിടങ്ങളില്‍ വർധിച്ചതെന്നും പരാതിക്കാർ പറയുന്നു. പരാതി ഉയർന്ന ക്വാറികളില്‍ നിന്നും കയറ്റുന്ന നിർമാണ സാമഗ്രികളുടെ അളവിലും പാസിലും കൃത്രിമം നടക്കുന്നുണ്ട്. ജി.എസ്.ടി ബില്ലുകളില്‍ ക്രമക്കേടു നടത്തി കൊള്ള ലാഭമുണ്ടാക്കുകയാണ് ഈ ക്വാറികളെന്നും പരാതിക്കാർ ആരോപിക്കുന്നു.
ശരിയായ പാസുകളില്ലാത്തതിനാല്‍ രണ്ട് ക്വാറികളില്‍ നിന്നും ലോഡ് എടുക്കുന്ന തങ്ങളുടെ ലോറികള്‍ പിടികൂടുന്നത് പതിവാണെന്നാണ് ലോറിക്കാരുടെ ആക്ഷേപം. വില വർധിപ്പിച്ച ക്വാറികള്‍ക്കെതിരെ പരാതി നല്കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല , അതുകൊണ്ട് തന്നെ നിർമാണ ഉത്പന്നങ്ങളുടെ അമിത വില നിയന്ത്രിച്ച് ഏകീകരിക്കണമെന്നും നിയമ ലംഘനങ്ങള്‍ തടയണമെന്നുമാണ് നാട്ടുകാരും ലോറി തൊഴിലാളികളും ഒരു പോലെ ആവശ്യപ്പെടുന്നത്.