മുകേഷിന്‍റെ രാജി; സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി

സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു

Update: 2024-09-02 04:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലെന്ന് വിശദീകരണം. മുകേഷിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നിലപാട് കൂടി അറിയേണ്ടതുണ്ട്. സമരത്തിൻ്റെ തിയതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു. കെ.അജിത അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്‍റെ സംഘാടകര്‍.

സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. അതേസമയം മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നുംസിനിമ സമിതിയിൽനിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായി നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീപക്ഷ പ്രവർത്തകരുടെ പ്രസ്താവന

ബലാത്സംഗക്കേസിൽ പ്രതിയായ എം.എല്‍.എ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്കകത്തു നിന്നും മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.ഐയിൽ നിന്നും ശക്തമായ അഭിപ്രായം ഉണ്ടായിട്ടും അതിനു തയ്യാറാകാതിരിക്കുകയാണ് കേരളത്തിലെ സി.പി.എം. ബി.ജെ.പിയിലും കോൺഗ്രസിലും, ആം ആദ്മിയിലും തൃണമൂൽ കോൺഗ്രസിലുമൊക്കെ ബലാത്സംഗക്കുറ്റവാളികളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരുമായ ജനപ്രതിനിധികൾ ഉണ്ട്. ആ കണക്കുകൾ പറഞ്ഞു കൊണ്ട്  കുറ്റാരോപിതരായ എം.പിമാരോ എം.എല്‍.എമാരോ രാജി വെച്ച മുൻ കാല അനുഭവങ്ങൾ ഇല്ലാത്തതിനാൽമുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന കമ്മറ്റിയുടെത്. ഇത് ഇടതു പക്ഷ ധാർമ്മികതയോടുള്ള അവഹേളനവും ജനാധിപത്യവിരുദ്ധവുമാണ്.

സി.പി.എം സംസ്ഥാന കമ്മറ്റി രാജി ആവശ്യം അസന്നിഗ്ദ്ധമായി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ കൂടുതൽ ശക്തവും ഫലപ്രദവുമായ ഐക്യപ്പെട്ട പ്രവർത്തനങ്ങൾ ആ നിലപാടിനെതിരെ കേരളത്തിനകത്തും പുറത്തും ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ബ്രിജ് ഭൂഷൺ എ.പി അടക്കമുള്ളവർക്കെതിരെ രാജി ആവശ്യമുന്നയിച്ച സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെയടക്കം നിലപാടുകൾ തള്ളിക്കളഞ്ഞു കൊണ്ടാണ് മുകേഷിന് സംരക്ഷണമുയർത്തുന്നത്.ഈ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തെ ശക്തമായ പ്രചരണ പ്രവർത്തനങ്ങളിലൂടെ തുറന്നുകാട്ടാൻ വിപുലമായ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനാൽ 2.9. 24 ന് സ്ത്രീക്കൂട്ടായ്മ തിരുവനന്തപുരത്ത് എകെജി സെൻററിന് മുമ്പിൽ നടത്താൻ തീരുമാനിച്ച സത്യഗ്രഹം തൽക്കാലം മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു.

സ്ത്രീക്കൂട്ടായ്മയ്ക്ക് വേണ്ടി

കെ.അജിത ,എം .സുൽഫത്ത് ,കുസുമം ജോസഫ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News