ഗവർണർക്കെതിരായ പ്രതിഷേധം; പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്ച ചൂണ്ടിക്കാട്ടി കോടതി
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം
തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധക്കേസിൽ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്ച ചൂണ്ടിക്കാട്ടി കോടതി. എസ്.എഫ്.ഐ പ്രതിഷേധം നടന്ന രാത്രിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോയത് ഔദ്യോഗിക കൃത്യനിർവഹണത്തിനെന്ന കാര്യം പൊലീസോ പ്രോസിക്യൂഷനോ അറിയിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം പ്രതികൾ തടസ്സപ്പെടുത്തിയെങ്കിൽ ഐ.പി.സി 124-ആം വകുപ്പ് നിലനിൽക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗവർണർ പോയത് ഔദ്യോഗിക കൃത്യനിർവഹണത്തിനാണെന്ന് റിമാൻഡ് റിപ്പോർട്ടിലോ കസ്റ്റഡി അപേക്ഷയിലോ പൊലീസും പ്രോസിക്യൂഷനും രേഖപ്പെടുത്തിയില്ല. എന്നാൽ ഗവർണർ 24 മണിക്കൂറും ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഒപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൻഡ്രൈവിലെ ദൃശ്യങ്ങൾ കൂടി കോടതി മുഖവിലയ്ക്കെടുത്തു. പെൻഡ്രൈവിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട കോടതി, പൊലീസ് തടഞ്ഞിരുന്നില്ലെങ്കിൽ ഗവർണർ ആക്രമിക്കപ്പെടുമായിരുന്നു എന്ന് നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല പ്രതികളെങ്കിൽപ്പോലും 124-ആം വകുപ്പ് നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. രാഷ്‌ട്രപതി, ഗവർണർ എന്നിവരെ ആക്രമിക്കൽ, അല്ലെങ്കിൽ അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുണ്ടായാൽ ഈ വകുപ്പ് ചുമത്താമെന്ന നിരീക്ഷണവും കോടതി നടത്തി.